
കാഞ്ഞാണി: ബാറിനു സമീപം ടോറസ് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മധ്യവയസ്കക്ക് ദാരുണാന്ത്യം. ടോറസ് ലോറി തലയിലൂടെ കയറിയാണ് മരണം സംഭവിച്ചത്. കാഞ്ഞാണി ആനക്കാട് സ്വദേശിയും സിംല ബാർ ജീവനക്കാരനുമായ ശശിയുടെ ഭാര്യ ഷീജ (55) ആണ് മരിച്ചത്.
ശശിയും ഷീജയും സഞ്ചരിച്ചിരുന്ന ബൈക്കിലാണ് ടോറസ് ലോറി ഇടിച്ചത്. ഇരു വാഹനങ്ങളും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്നു. കാഞ്ഞാണി സിംല ബാർ കഴിഞ്ഞുള്ള വളവിൽ വെച്ചായിരുന്നു അപകടം. ഷീജയുടെ തല ലോറി കയറി ചതഞ്ഞരഞ്ഞു. ശശിയെ പരിക്കുകളോടെ ഒളരി മദർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.