മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ആശങ്ക…

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം രോഗികളുടെ എണ്ണം നൂറിൽ താഴെയായ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിരക്കേറുന്നു.ശരാശരി 4000 രോഗികളാണ് ദിനംപ്രതി ഇവിടെ ചികിത്സ തേടിയിരുന്നത്. ലോക്ക് ഡൗൺ മൂലം കഴിഞ്ഞ ദിവസങ്ങളിലെല്ലാം നൂറിൽ താഴെ രോഗികൾ മാത്രം ചികിത്സ തേടിയിരുന്ന ഇവിടെ ഇന്നലെ മാത്രം 700 ൽ അധികം രോഗികളാണ് എത്തിയത്. അപ്രതീക്ഷിതമായി അനുഭവപ്പെട്ട തിരക്ക് മൂലം സുരക്ഷാ വിഭാഗത്തിനും തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. രോഗികളും കൂട്ടിരിപ്പുകാരും ഒ പിയിലും എക്സറേ ,സ്കാനിങ് സെന്ററുകളിലും, കൂട്ടം കൂടിയതോടെ സാമൂഹിക അകലം പോലും പാലിക്കാൻ കഴിയാതായി. കോവിഡ്‌ ആശുപത്രിയാക്കി മാറ്റിയതോടെ ഇവിടെ ചികിത്സിക്കാനുള്ള സ്ഥലവും സൗകര്യവുമില്ലാത്തതും കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കി. കോവിഡ് ഭീതി കുറയുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ തിരക്ക് ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും ഉടനടി ടെലി മെഡിസിൻ സംവിധാനം ശക്തിപ്പെടുത്തണം എന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.