
അന്തിക്കാട്: പഴുവിൽ വെസ്റ്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം സ്ത്രീയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി മൂത്തേരി ദീപുവിൻറെ ഭാര്യ സ്മിത (45) യാണ് മരിച്ചത്.
മൃതദേഹം പൂർണ്ണമായും കത്തിയ നിലയിലാണ്. എൽഎൽബിക്ക് പഠിക്കുന്ന മകളോടൊപ്പം ബാംഗ്ലൂരിലായിരുന്നു താമസം. ഒരാഴ്ച മുമ്പ് നാട്ടിലെത്തി മകളെ കോഴിക്കോടുള്ള തറവാട്ടിൽ ആക്കിയ ശേഷം സ്മിത പഴുവിൽ ഉള്ള ഭർതൃ ഗൃഹത്തിൽ ആയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷം ഇവരുടെ വീട്ടിൽ നിന്നും പുക ഉയർന്നത് കണ്ട് തൊട്ടടുത്തുള്ള വീട്ടിൽ താമസിക്കുന്ന സഹോദരൻ തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്. വീടിന്റെ മുകൾ നിലയിൽ ബാത്ത് റൂമിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ബാത്റൂമിന്റെ കതകുകളും കത്തി നശിച്ചിട്ടുണ്ട്. നാട്ടിക ഫയർഫോഴ്സും അന്തിക്കാട് പോലീസും സ്ഥലത്തെത്തി. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.