നാടിന്റെ കാവൽക്കാർക്ക്‌ കരുതലുമായി കുട്ടിപ്പോലീസ്..

കടുത്ത വേനലിലും നാടിന്റെ നന്മക്കായി അശ്രാന്ത പരിശ്രമം നടത്തുന്ന പോലീസുകാർക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും കരങ്ങൾ നീട്ടുകയാണ് സഹോദരങ്ങളായ കുട്ടിപ്പോലീസുകാർ.
വടക്കേക്കാട് അണ്ടത്തോട് അഷ്കറിന്റെ ഇരട്ടകുട്ടികളായ റിൻസാനും റിസാനും പാലപ്പെട്ടി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളും സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അംഗങ്ങളുമാണ്.
ലോക്ക് ഡൌൺ പ്രഖ്യാപിച്ച അന്നുമുതൽ ജില്ലാ അതിർത്തിയായ അണ്ടത്തോട് ജംഗ്ഷനിൽ വാഹനപരിശോധന നടത്തുന്ന വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർക്ക് കുടിവെള്ളവും രണ്ടുനേരം ചായയും ഇവർ വീട്ടിൽ നിന്നും എത്തിച്ചു നൽകും.

കുട്ടികളുടെ അച്ഛൻ അഷ്കർ ഓട്ടോറിക്ഷാ തൊഴിലാളിയാണ്.
നാലു വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ അഷ്കറിന്റെ വലതുകാൽ തളർന്നു. ഈ അവശതകൾക്കിടയിലും പോലീസിനെ സഹായിക്കാൻ പൂർണ്ണ മനസുമായാണ് കുടുംബം മുന്നോട്ട് വന്നത്.
‘മക്കൾക്ക് വലുതായാൽ പോലീസുദ്യോഗം ലഭിക്കണമെന്നാണ് ആഗ്രഹം. സ്റ്റുഡൻറ്സ് പോലീസ് കേഡറ്റിൽ അവർ അംഗമായതിൽ എനിക്ക് അഭിമാനമുണ്ട്’ എന്ന് കുട്ടികളുടെ അച്ഛൻ സന്തോഷത്തോടെയും അഭിമാനത്തോടെയും പറയുന്നു.