പഴമയിലേക്കു ഒരു എത്തിനോട്ട’വുമായികുടുംബശ്രീ പാചക മത്സരം…

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവരും ഒരു ലോക്ക് ഡൗൺ കാലത്തേക്ക് ചുരുങ്ങിയിരിക്കുകയാണ്. പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി ഉള്ള സമയം തള്ളിനീക്കാന്‍ കഷ്ടപ്പെടുകയാണ് ചിലര്‍, എന്നാല്‍ ചിലരാകട്ടെ പുത്തന്‍ ആശയങ്ങളും പുതു രുചികളും, വായനയും ഒക്കെ ആയി ലോക്ക് ഡൗൺ കാലത്ത് പുത്തന്‍ അധ്യായങ്ങള്‍ രചിക്കുകയാണ്. ഈ സമയത്ത് കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നമ്മുടെ പഴമയിലേക്ക് ഒരു എത്തിനോട്ടത്തിനു വഴിയൊരുക്കുകയാണ്. നമ്മുടെ തൊടിയിലെ, അടുക്കള തോട്ടത്തിലെ, പാടത്തെ, പറമ്പിലെ, പ്രകൃതിയിലെ, ആ പഴയ നാട്ടുരുചികള്‍ വീണ്ടെടുക്കാനും പുതുതലമുറയ്ക്ക് പകർന്ന് നല്‍കാനുമുള്ള സമയമായി ഈ ലോക്ക് ഡൗൺ കാലത്തെ മാറ്റിയെടുക്കാം. ഇതിനുള്ള ഒരു വേദിയൊരുക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍.

കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഈ ലോക്ക് ഡൗൺ കാലത്തു പഴമയുടെ നാടന്‍ രുചി ഭേദങ്ങള്‍ തേടിയുള്ള ഒരു ഓൺലൈൻ പാചകമത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ സംരംഭ യൂണിറ്റിലെ അംഗങ്ങള്‍ക്കും, കുടുംബശ്രീ അംഗങ്ങള്‍ക്കുമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
മത്സരാർത്ഥികൾക്ക് ഉള്ള നിബന്ധനകൾ ഇവയാണ്:
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ വഴിയോ, ജില്ലാ മിഷനില്‍ നിന്നും ഗൂഗിള്‍ ഫോം വഴിയോ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു.
കുടുംബശ്രീ സംരംഭ യൂണിറ്റിലെ അംഗങ്ങള്‍ക്കും താല്‍പ്പര്യമുള്ള അയല്‍ക്കുട്ട ങ്ങളിലെ അംഗങ്ങള്‍ക്കും മത്സരത്തിൽ പങ്കെടുക്കാം.മത്സരാര്‍ത്ഥികള്‍ അയല്‍ക്കൂട്ട അംഗങ്ങളും തൃശ്ശൂര്‍ ജില്ലയിലെ സ്ഥിര താമസക്കാരും ആയിരിക്കണം.
വിഭവത്തിന്റെ ചേരുവകള്‍, പാചകം ചെയ്യുന്ന രീതി എന്നിവ കൃത്യമായി തയ്യാറാക്കി റസീപ്പി അയക്കേണ്ടതാണ്,
വിഭവങ്ങള്‍ തയ്യാറാക്കി ഡെക്കറേറ്റ് ചെയ്ത് ഒന്നോ രണ്ടോ ഫോട്ടോ എടുത്ത് അയച്ചു തരേണ്ടതാണ്,
3 മിനുറ്റില്‍ കവിയാത്ത വിഭവം തയ്യാറാക്കുന്ന വീഡിയോ അയച്ചു തരേണ്ടതാണ്,
വിഭവം തയ്യാറാക്കുന്നയാള്‍ ഒരു ദിവസം ഒരു വിഭവം മാത്രം തയ്യാറാക്കുവാന്‍ പാടുള്ളൂ.തെരെഞ്ഞെടുക്കപ്പെടുന്നവരുടെ റെസിപ്പി, വിഭവത്തിന്റെയും, അംഗത്തിന്റെയും ഫോട്ടോ സഹിതം ജില്ലാ മിഷന്‍ തയ്യാറാക്കു റെസിപ്പി ബുക്കില്‍ പ്രസിദ്ധികരിക്കുന്നതാണ്. മികച്ച വിഭവങ്ങളുടെ വീഡിയോകള്‍ ജില്ലാ മിഷന്റെ ഫേസ്ബുക്ക് പേജില്‍ അപ്പ്‌ലോഡ് ചെയ്യുന്നതുമാണ്.