ലോക്ക് ഡൗണിനിടെ ചെങ്ങാലിക്കോടൻ വാഴത്തോട്ടം അജ്ഞാതർ നശിപ്പിച്ചു…

ലോക്ക് ഡൗണിനിടെ ചെങ്ങാലിക്കോടൻ വാഴത്തോട്ടം അജ്ഞാതർ ആയുധമുപയോഗിച്ച് കുത്തി നശിപ്പിച്ചു. വടക്കാഞ്ചേരി എങ്കക്കാട് അക്കരപ്പാടം സ്വദേശിനി ചൊവ്വല്ലൂർ ഷേർളിയും മകൻ ജിന്റോയും പാട്ടത്തിനെടുത്ത കൃഷിയിടത്തിലാണ് സാമൂഹ്യദ്രോഹികളുടെ അതിക്രമം നടന്നത്. ഉപജീവന തൊഴിലിനിടയിലും സമയംകണ്ടെത്തിയാണ് വാഴ കൃഷി നടത്തുന്നത്.ഓണവിപണി ലക്ഷ്യമിട്ട് വെച്ച ചെങ്ങാലിക്കോടൻ നേന്ത്ര വാഴകളാണ് ഇന്നലെ രാത്രിയിൽ കമ്പി പാര പോലുള്ള ആയുധം വെച്ച് കുത്തി നശിപ്പിച്ചിരിക്കുന്നത്.

ഇരുനൂറോളം വാഴകളുള്ള തോട്ടത്തിലെ ഏഴുമാസം പ്രായമായ കൊല വന്നതും വരാത്തതുമായ വാഴകളാണ് ഏറെയും കുത്തി നശിപ്പിച്ചിരിക്കുന്നത്. വാഴത്തോട്ടത്തെ കുറിച്ച് മുൻ പരിചയമുള്ള വ്യക്തികളാവാം ആക്രമത്തിന് പുറകിലെന്ന് സംശയമുണ്ട്. വിവരമറിഞ്ഞ് വടക്കാഞ്ചേരി പോലിസ് എസ്.ഐ. ബിന്ദുലാൽ സ്ഥലത്തെത്തി പരിശോധന നടത്തി. അനിൽ അക്കര എം.എൽ.എയും സ്ഥലം സന്ദർശിച്ചു.പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കൃഷി കര കയറുന്നതിനിടെ ഉണ്ടായ അക്രമത്തിൽ തകർന്നിരിക്കുകയാണ് ഇൗ കുടുംബം.