ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം; ജില്ലയിൽ 1,16,150 രൂപ പിഴ ഈടാക്കി..

policeman-vehcle-thrissur-vartha-news-kerala-police-viyyur

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച സാഹചര്യത്തിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ 1644 സ്ഥാപനങ്ങളിൽ നിന്ന് 1,16,150 രൂപ ഈടാക്കിയതായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തിയ പരിശോധനയിൽ 214 കിലോഗ്രാം പുനരുപയോഗിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളും പിടിച്ചെടുക്കുകയും 16,150/-രൂപ പിഴ ഈടാക്കുകയും ചെയ്തു. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് അസി. ഡയറക്ടർ, പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് സൂപ്പർവൈസർമാർ എന്നിവരുടെ നേതൃത്വത്തിൽ 94 ടീമുകളായാണ് പരിശോധന നടത്തിയത്.

ആരോഗ്യവിഭാഗം ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു.
നിയമലംഘനം നടത്തുന്നവർക്ക് ആദ്യം 10,000/- രൂപയും രണ്ടാം തവണ 25,000 – രൂപയും തുടർന്നുള്ള ലംഘനത്തിന് 50,000/- രൂപയുമാണ് പിഴ ഈടാക്കുന്നത്. കുറ്റമാവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതിന് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.

മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഹരിതകർമ്മ സേനാംഗങ്ങളുമായി സഹകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും തദ്ദേശ  സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ വ്യക്തമാക്കി.

ജില്ലയിലെ തളിക്കുളം, ശ്രീനാരായണപുരം, പുതുക്കാട്, പൊയ്യ, പാവറട്ടി, അരിമ്പൂർ, തിരുവില്വാമല, പുന്നയൂർക്കുളം, മുല്ലശ്ശേരി, കോലഴി, കൊണ്ടാഴി, കാട്ടൂർ, കാറളം, കണ്ടാണശ്ശേരി, കടപ്പുറം, എടവിലങ്ങ്, ചേലക്കര, അവണൂർ, അളഗപ്പനഗർ, അടാട്ട് എന്നീ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്ഥാപനങ്ങളിൽ നിന്നാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെത്തിയതിനെ തുടർന്ന് പിഴ ഈടാക്കിയിട്ടുള്ളത്.