ഗുരുവായൂരിൽ വിഷുക്കണി ദർശനം നാളെ…

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണിദർശനം നാളെ പുലർച്ചെ രണ്ടരയ്ക്ക്. ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ഭക്തജനസാന്നിധ്യമില്ലാതെയാണ് ഇക്കുറി വിഷുക്കണി ഒരുക്കുന്നത്. ഇന്ന് രാത്രി അത്താഴപ്പൂജയ്ക്കുശേഷം രണ്ട്‌ കീഴ്ശാന്തിക്കാർ ചേർന്ന് ശ്രീലകത്ത് വിഷുക്കണി ഒരുക്കും. മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിൽ സ്വർണ ശീവേലിത്തിടമ്പ് അലങ്കരിച്ച പൊൻമണ്ഡപത്തിൽ എഴുന്നള്ളിച്ചുവെയ്ക്കും.

മുന്നിൽ ഓട്ടുരുളിയിൽ കണിക്കോപ്പുകളായ ഉണങ്ങല്ലരി, ഗ്രന്ഥം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, കണിക്കൊന്ന, സ്വർണം, പുതുപ്പണം, ചക്ക, മാങ്ങ, വെള്ളരിക്ക, നാളികേരം എന്നിവയും ഒരുക്കും. പുലർച്ചെ 2.15-ന് മേൽശാന്തിയായ സുമേഷ് നമ്പൂതിരി ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും. മൂന്നിന് തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പതിവുചടങ്ങുകളിലേക്ക് കടക്കും. ഉച്ചപ്പൂജയ്ക്ക് വിശേഷ വിഭവനിവേദ്യങ്ങളുണ്ടാകും. ക്ഷേത്രത്തിലേക്ക് ഭക്തരുടെ പ്രവേശനം ഇല്ലാതായിട്ട് ഇന്നേക്ക് 24 ദിവസം പിന്നിട്ടു.ആളും ആരവവും ഇല്ലാതെയുള്ള ചടങ്ങുക്കളിലൂടെയാണ് ഈസ്റ്ററും കടന്നു പോയത്.