വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു.

rest in peacer dead death lady women

മരോട്ടിച്ചാൽ ∙ ഓലക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു. വെണ്ണാട്ടുപറമ്പിൽ ആന്റോയുടെ മകൻ സാന്റോ ടോം (22) ചെങ്ങാലൂർ ശാന്തിനഗർ തയ്യാലക്കൽ ഷാജന്റെ മകൻ അക്ഷയ് രാജ് (22), എന്നിവരാണു മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. 2 ബൈക്കുകളിലായെത്തിയ 3 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. കുറച്ച് ആഴത്തിൽ വെള്ളമുള്ള ഭാഗത്ത് അക്ഷയും സാന്റോയും കുളിക്കാനിറങ്ങി. നീന്തൽ വശമില്ലാത്തതിനാൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആൽബിൻ ഇറങ്ങിയില്ല.

കൂട്ടുകാർ പൊങ്ങി വരാതായതോടെ ആൽവിൻ വെള്ളച്ചാട്ടത്തിന്റെ പരിസരത്തുണ്ടായിരുന്ന വനംവകുപ്പിന്റെ ഗാർഡിനെയും നാട്ടുകാരെയും വിവരമറിയിച്ചു. ഇവരെത്തി പുറത്തെടുക്കുമ്പോഴേക്കും 2 പേരും മരിച്ചിരുന്നു. തൃശൂരിൽ നിന്ന് ഒരു യൂണിറ്റ് അഗ്നി രക്ഷാ സേനയും ഒല്ലൂർ സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും മാന്ദാമംഗലം വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

വിദേശത്തു പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു അക്ഷയ്‌രാജിന്റെ മരണം. ഇരുവരുടെയും മൃതദേഹങ്ങൾ തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. താരതമ്യേന അപകടങ്ങൾ കുറവുള്ള വെള്ളച്ചാട്ടമായതിനാൽ ഇവിടെ ഒട്ടേറെ വിനോദ സഞ്ചാരികൾ എത്താറുണ്ട്. മുൻപ് ഇവിടെ മുങ്ങി മരണമുണ്ടായിട്ടില്ലെന്നു പരിസരവാസികൾ പറയുന്നു.