കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പത്തിയഞ്ച് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്ന് രൂപ നാല് സഹകരണ ബാങ്കുകൾ ചേർന്ന് നൽകി. മന്ത്രി എ.സി മൊയ്തീൻ സംഭാവന ഏറ്റുവാങ്ങി. ബാങ്കിന്‍റെ വിഹിതത്തോടൊപ്പം ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും പ്രസിഡണ്ടിന്‍റെ ഓണറേറിയം, ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് എന്നിവ അടക്കമുള്ള തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.കൂനംമൂച്ചി പീപ്പിള്‍സ് സര്‍വ്വിസ് സഹകരണ ബാങ്ക് 19,20,500 രൂപ, കടവല്ലൂർ സഹകരണ ബാങ്ക് 19,17,395 രൂപ, കുന്നംകുളം അർബൻ കോപ്പറേറ്റീവ് ബാങ്ക് 14,56,301 രൂപ, ആർത്താറ്റ് സർവിസ് സഹകരണ ബാങ്ക് 2,38,735 രൂപ എന്നിങ്ങനെയാണ് തുകകൾ നൽകിയത്. ബാങ്ക് പ്രസിഡന്റുമാർ തുക കൈമാറി.കുന്നംകുളം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ നാരായണൻ, സെക്രട്ടറിമാരായ കെ.ജെ ബിജു, കമലാക്ഷി, സിൽവി, ഡയറക്ടര്‍മാരായ എം പീതാംബരന്‍, ഉഷ പ്രഭുകുമാർ, ടി.വി ജോൺസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.