യേശുവിന്റെ സ്മരണകളിൽ ഈസ്റ്റർ ആചരിച്ച്‌ ലോകം….

യേശുദേവന്റെ പുനരുത്ഥാനത്തിന്റെ സ്മരണകളിൽ ക്രിസ്തുമത വിശ്വാസികൾ ഈസ്റ്റർ ആചരിച്ചു.സംസ്ഥാനത്തെ ദേവാലയങ്ങളിലും പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് ദേവാലയങ്ങളില്‍ തിരുകര്‍മ്മങ്ങള്‍ നടന്നത്. ദിവ്യബലി ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. രാവിലെ നടന്ന തിരുക്കർമ്മങ്ങളിൽ പത്തിൽ താഴെ ആളുകൾ മാത്രമേ പങ്കെടുത്തുള്ളൂ. തൃശൂർ ലൂർദ് കത്തീഡ്രലിൽ അതിരൂപതാ ആർച്ച് ബിഷപ് മാർ ആൻഡ്രുസ് താഴത്ത് മുഖ്യ കാർമികത്വം വഹിച്ചു.

സഹായമെത്രാൻ മാർ ടോണി നീലംകാവിൽ സഹകാർമികനായി. ഉയിർപ്പ് തിരുന്നാൾ മോചനത്തിന്റേതും പ്രതീക്ഷകളുടേതുമാണെന്നും നമ്മുടെ കൂട്ടായ്മകൾ തിരിച്ചു വരുമെന്നും നിർദേശങ്ങൾ പാലിച്ച് ഈസ്റ്റർ ആഘോഷിക്കണമെന്നും മാർ താഴത്ത് സന്ദേശത്തിൽ പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളിലൂടെ തിരുക്കർമങ്ങൾ വിശ്വാസികൾക്കായി ഒരുക്കിയിരുന്നു. ദുഃഖ വെള്ളിക്ക് ശേഷമുള്ള ഞായറാഴ്ചയാണ് ഈസ്റ്റർ ആയിആചരിക്കുന്നത്.ഭൂരിഭാഗം ക്രിസ്തുമത വിശ്വാസികളും സുപ്രധാനമായ പുണ്യ ദിനമായി ഈസ്റ്റർ ആചരിക്കാറുണ്ട്.