തൃശൂരിലേക്കുള്ള 2 ട്രെയിനുകൾ കൂടി ഓട്ടം പുനരാരംഭിക്കുന്നു..

തൃശൂർ: തൃശൂരിലേക്കുള്ള 2 ട്രെയിനുകൾ കൂടി ഓട്ടം പുനരാരംഭിക്കുന്നു. കോവിഡ് കാലത്തു നിലച്ച സർവീസുകളിൽ തൃശൂർ – ഗുരുവായൂർ പാസഞ്ചർ മാത്രമാണ് ഇനിയും പുനരാരംഭിക്കാനുള്ളത്.

വൈകിട്ടു ഗുരുവായൂരിൽ നിന്നു തൃശൂരിലേക്കും തിരിച്ചുമുള്ള ഈ ട്രെയിൻ കൂടി ഉടൻ പുനരാരംഭിച്ചേക്കും. കോയമ്പത്തൂർ – തൃശൂർ (56605), കോഴിക്കോട് – തൃശൂർ (56664) പ്രതിദിന പാസഞ്ചർ ട്രെയിനുകളാണു വീണ്ടും ട്രാക്കിലെത്തുന്നത്. ഇതുസംബന്ധിച്ചു റെയിൽവേ ബോർഡ് സതേൺ റെയിൽവേക്ക് അനുമതി നൽകി.

ഉത്തരവ് ഉടൻ പുറത്തിറങ്ങും. മുൻപുണ്ടായിരുന്നതുപോലെ കോഴിക്കോട്ടു നിന്നും കോയമ്പത്തൂരിൽ നിന്നും തൃശൂർ വരെ ഒറ്റവണ്ടി ഓടിക്കുന്ന രീതിയിലായിരിക്കില്ല ഈ ട്രെയിന‍ുകളുടെ യാത്ര. പുതിയ തീരുമാനപ്രകാരം രണ്ടു വണ്ടികളും ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.

പകരം ഷൊർണൂരിൽ നിന്നു തൃശൂരിലേക്കു തുടർയാത്രയ്ക്കായി മറ്റൊരു ട്രെയിൻ ഓടും. ഷൊർണൂർ – തൃശൂർ എക്സ്പ്രസ് സ്പെഷൽ (06461) എന്ന പേരിലാകും പുതിയ ട്രെയിൻ. ഉടൻ ആരംഭിക്കുന്ന കോയമ്പത്തൂർ – ഷൊർണൂർ എക്സ്പ്രസ് ട്രെയിനിന് അനുബന്ധ സർവീസ് എന്ന നിലയ്ക്കാകും യാത്ര. ജൂലൈ 3നു പുതിയ വണ്ടി ഓട്ടം തുടങ്ങും. രാത്രി 10.10നു ഷൊർണൂരിൽ നിന്നു പുറപ്പെട്ടു 11.10നു തൃശൂരിലെത്തും.

കോഴിക്കോട് – ഷൊർണൂർ ട്രെയിനിന് അനുബന്ധ സർവീസ് ആയി മറ്റൊരു പാസഞ്ചർ ട്രെയിൻ കൂടി ഷൊർണൂർ – തൃശൂർ (56665) റൂട്ടിലോടും. മടക്കയാത്രയിൽ ഈ ട്രെയിൻ തൃശൂരിൽ നിന്നു കോഴിക്കോട് വരെ സർവീസ് നടത്തും. സമയക്രമം സംബന്ധിച്ച അന്തിമ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല.