
2021 ഫെബ്രുവരിയിൽ തൃശൂർ കോർപ്പറേഷന്റെ സ്മാർട്ട് & സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്വരാജ് റൌണ്ട്, ശക്തൻ നഗർ തുടങ്ങി പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച്, അതിന്റെ നിരീക്ഷണ സംവിധാനം തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂമിലേക്ക് ഏകോപിപ്പിക്കു കയുണ്ടായി. യഥാർത്ഥത്തിൽ ഇതൊരു വഴിത്തിരിവായിരുന്നു.
സിസിടിവി ക്യാമറൾ നിരീക്ഷിച്ചുകൊണ്ട്, തൃശൂർ നഗരത്തിലെ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരിക മാത്രമല്ല, നഗരത്തിലെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനും, തൃശൂർ പൂരം അടക്കമുള്ള വലിയ പരിപാടികളിൽ പോലീസ് വിന്യാസം നടത്തുന്നതിനും സിസിടിവി സംവിധാനം ക്രിയാത്മകമായി ഉപയുക്തമാക്കുവാൻ കഴിയുന്നുണ്ട്.
കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനമായി മാറിയിരിക്കുകയാണ് തൃശൂർ സിറ്റി പോലീസിന്റെ CCTV ക്യാമറ നെറ്റ് വർക്ക്.
നഗരത്തിൽ സ്ഥാപിച്ച ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ അതിവേഗതയുള്ള ഓപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് കേബിളുകൾ വഴി പോലീസ് കൺട്രോൾ റൂമിലേക്ക് എത്തിക്കുന്നു.
24 മണിക്കൂറും പോലീസ് നിരീക്ഷണം സാധ്യമാകുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച പോലീസുദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്.
സിസിടിവി ക്യാമറ സംവിധാനത്തിന്റെ രണ്ടാം ഘട്ടത്തിൽ കേരള പോലീസിന്റെ തനതുഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവാക്കി നഗരത്തിലെ ഔട്ടർ റിങ്ങ് പ്രദേശങ്ങളായ ശങ്കരയ്യറോഡ്, പടിഞ്ഞാറെ കോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കൽ, അശ്വിനി ജംഗ്ഷൻ എന്നീ പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ കൂടി സ്ഥാപിക്കുകയുണ്ടായി.
തൃശൂർ ജില്ലയിൽ വ്യാപാരി അസോസിയേഷനുകൾ, ഷോപ്പിങ്ങ് മാളുകൾ, സന്നദ്ധ സംഘടനകൾ എന്നിവർ സ്ഥാപിച്ചിരിക്കുന്ന ക്യാമറ സംവിധാനവും പോലീസിന്റെ നെറ്റ് വർക്കിനോട് ഘട്ടം ഘട്ടമായി കൂട്ടിചേർക്കപ്പെടുകയാണ്.
THIRD EYE എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനംഇന്നലെ (20.06.2022) ഉച്ചക്ക് 12.00 മണിക്ക് പോലീസ് കൺട്രോൾ റൂം പരിസരത്ത് നടന്നു. ബഹു. കേരള റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.