കൊടുങ്ങല്ലൂർ∙ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം 9ന് അർധ രാത്രി തുടങ്ങും. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ അഴീക്കോടും എറണാകുളം ജില്ലയിലെ മുനമ്പത്തും ഹാർബർ നിശ്ചലമാകും. മത്സ്യക്ഷാമവും ഭാരിച്ച ഇന്ധനച്ചെലവും കാരണം ബോട്ടുകളിൽ ഭൂരിഭാഗവും കടലിൽ പോകുന്നില്ല. ട്രോളിങ് നിരോധനത്തിനു മുൻപേ അഴീക്കോട്ടെയും മുനമ്പത്തെയും ബോട്ടുകൾ തീരത്തടുത്തു.
തൊഴിലാളികളുടെ കൂലിയും ഡീസൽ ചെലവും കഴിഞ്ഞു ചെലവിനുള്ള പണം പോലും ലഭിക്കാതായതോടെയാണു ബോട്ടുകൾ നേരത്തേ കരയിലടുത്തത്. അഴീക്കോട് – മുനമ്പം ഭാഗങ്ങളിൽ നിന്ന് 800ലേറെ ബോട്ടുകളാണ് അഴിമുഖം വഴി കടലിലിറങ്ങാറുള്ളത്. ട്രോളിങ് നിരോധനം പ്രാബല്യത്തിലാകുന്നതോടെ മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, തരകൻമാർ, ലോഡിങ് തൊഴിലാളികൾ, വ്യാപാരികൾ, മത്സ്യ വിൽപന തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ എന്നിവരെല്ലാം വിശ്രമത്തിലാകും.
കന്യാകുമാരി, കുളച്ചൽ, കൊല്ലം എന്നിവിടങ്ങളിൽ നിന്നെത്തി അഴീക്കോട്–മുനമ്പം കേന്ദ്രീകരിച്ചു മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ നാട്ടിലേക്കു മടങ്ങി. അഴീക്കോട്, മുനമ്പം, പള്ളിപ്പുറം, കുഞ്ഞിത്തൈ എന്നിവിടങ്ങളിലെ യാർഡുകളിലും ബോട്ടുകൾ വിശ്രമത്തിലാണ്.