പോലീസിന്റെ നന്മക്ക് വരകളിലൂടെ സല്യൂട്ട്..

കൊടുങ്ങല്ലൂർ ഗവൺമെന്റ് ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസുകാരൻ അക്ഷയ് ബിനോയ് ലോക്ക് ഡൗൺ കാലത്തെ തന്റെ വിരലുകൾ കൊണ്ട് അടയാളപ്പെടുത്തുന്ന തിരക്കിലാണ്. മുന്നൂറോളം ചിത്രങ്ങൾ ഇതിനകം വരച്ച അക്ഷയ് ഇൗ ലോക്ക്‌ ഡൗൺ കാലവും വരക്കാനായി സമർപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഖാദർ എന്ന വൃദ്ധന്റെ ചായക്കട കോവിഡ്‌ സുരക്ഷയുടെ ഭാഗമായി പോലീസ് പൂട്ടിച്ചിരുന്നു. എന്നാൽ ഇതോടൊപ്പം അവർക്ക് ആവശ്യമായ മരുന്നും മറ്റു സാധനങ്ങളും വീട്ടിൽ എത്തിച്ച് നൽകാനും പോലീസ് തയ്യാറായി. ലോകത്തിന് തന്നെ മാതൃക ആക്കാവുന്ന ഇൗ പ്രവർത്തിക്കു നേതൃത്വം നൽകിയ ജിനേഷ് എസ് ഐ യുടെ ചിത്രമാണ് അക്ഷയ് ഏറ്റവുമൊടുവിൽ വരച്ചത്. പോലീസിന്റെ കരുതലിനും സ്നേഹത്തിനും വരയിലൂടെ സല്യൂട്ടടിക്കുകയാണ് ഇൗ കുഞ്ഞു കലാകാരൻ.

ഇതിനു മുൻപ് സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ മുൻ നിർത്തി നിരവധി ചിത്രങ്ങൾ അക്ഷയ് വരച്ചു. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം അക്ഷയ്‌യുടെ കാൻവാസിലൂടെ കടന്നു പോയി. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങൾ വരച്ച് നേരിട്ട് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് ഇൗ മിടുക്കൻ. പടിഞ്ഞാറേനട പണിക്കശ്ശേരി വീട്ടിൽ ബിനോയുടെ ഇളയ മകനാണ് അക്ഷയ് ബിനോയ്.


നാലാം ക്ലാസ്സ് മുതൽ വരയുടെ ലോകത്തുള്ള അക്ഷയ് ചിത്രകല അഭ്യസിക്കുന്നില്ല.മുൻപ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ചിത്രം വരക്കാനുള്ള സാമഗ്രികൾ വാങ്ങാനായി സ്വരുക്കൂട്ടിയ പണം മുഴുവൻ നൽകിയും അക്ഷയ് വാർത്തകളിൽ നിറഞ്ഞിരുന്നു. ബിനോയ്ക്ക്‌ ഫുൾ സപ്പോർട്ട് നൽകി പ്ലസ് വൺ കാരിയായ ചേച്ചി അശ്വതിയും അച്ഛനും ഒപ്പമുണ്ട്