മക്കൾക്ക് ഫുട്ബോൾ കളി, രക്ഷിതാക്കൾക്ക് ഇംപോസിഷൻ…

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഫുട്ബോൾ കളിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് വേറിട്ട ശിക്ഷയുമായി പോലീസ്. കഴിഞ്ഞ ദിവസം മുല്ലശ്ശേരി തണ്ണീർ ക്കായൽ പരിസരത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം 8 പേർ ഫുട്ബോൾ കളിച്ചത്. മുല്ലശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ ആർ. പ്രസാദ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ പി. രാജേഷ്, സി.സിജി എന്നിവർ നടത്തിയ പരിശോധനയിലാണ് കളിക്കാരെ കണ്ടെത്തിയത്. എന്നാൽ കുട്ടി സംഘം ഓടി രക്ഷപ്പെട്ടു.

തുടർന്ന് ഇവരെ കണ്ടെത്തി പാവറട്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.ഇവിടെ നിന്നാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദ്ദേശം പ്രകാരം രക്ഷിതാക്കൾക്ക് ‘ലോക്ക് ഡൗൺ കഴിയുന്ന വരെ ഇനിയെന്റെ മക്കളെ കളിക്കാൻ വിടില്ല’എന്ന് 250 തവണ എഴുത്ത് ശിക്ഷ നടപ്പാക്കി വിട്ടയച്ചത്. ഇതോടൊപ്പം ഇനി ഇങ്ങനെ സംഭവിക്കില്ല എന്ന് ഇവരിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങുകയും ചെയ്തു.