ജീവൻരക്ഷാ മരുന്നുകൾ എത്തിച്ച് പോലീസ്…

കോവിഡ് 19 മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടിയ്ക്ക് കേരളാ പോലീസ് മരുന്ന് എത്തിച്ചു നൽകി. മുതുവറയിലെ മുണ്ടയൂർ നന്ദകുമാറിന്റെ നികേത് എന്ന ഒൻപതു വയസ്സുകാരനായ മകൻ കുറച്ചു ദിവസങ്ങൾക്ക്‌ മുമ്പാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായത്. മരുന്ന് തീർന്ന വിവരം ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിളിച്ചറിയിച്ചപ്പോൾ പണമടച്ചാൽ മരുന്ന് നൽകാമെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യം പേരാമംഗലം പോലീസ് സ്റ്റേഷനിലേക്ക് കുട്ടിയുടെ അച്ഛൻ വിളിച്ചറിയിച്ചു.

പോലീസ് ആശുപത്രിയുമായി ഉടൻ ബന്ധപ്പെട്ട് ജീവൻരക്ഷാ മരുന്നുകൾ എത്തിച്ചു കൊടുക്കുന്നതിന് ഏർപ്പാടാക്കുകയായിരുന്നു. സർക്കാർ ഏർപ്പടുത്തിയ സംവിധാനത്തിലൂടെ നോഡൽ പോലീസ് സ്റ്റേഷനുകൾ വഴി ഹൈവേ പോലീസാണ് മരുന്ന് പേരാമംഗലം പോലീസ് സ്റ്റേഷനിലെത്തിച്ചത്. പേരാമംഗലം പോലീസ് സ്റ്റേഷനിൽ നിന്നും എ. എസ്. ഐ ബാലസുബ്രഹ്മണ്യൻ, സിപിഒ മാരായ രജിത്, വിനീഷ് എന്നിവർ ചേർന്ന് മരുന്നുകൾ നന്ദകുമാറിന്റെ വസതിയിലെത്തിച്ചു. മകന് ആവശ്യമായ മരുന്നുകൾ കൃത്യ സമയത്തു തന്നെ എത്തിച്ചു നൽകിയ കേരളാ പോലീസിന് നന്ദകുമാറും കുടുംബവും നന്ദി പറഞ്ഞു.