സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡി.ജി.പി അനിൽകാന്തിന്റെ ജാഗ്രതാ നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ സംഭവിക്കാനിടയുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജെസിബി, ബോട്ടുകൾ, മറ്റു ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കി വെയ്ക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകി.
തീര പ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ മേഖലയിലെ രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കടലോര ജാഗ്രതാ സമിതിയുടെ സേവനം വിനിയോഗിക്കും. അവശ്യഘട്ടങ്ങളിൽ പൊലീസിന്‍റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങൾക്ക് താമസം ലഭ്യമാക്കാൻ യൂണിറ്റ് മേധാവിമാർ നടപടി സ്വീകരിക്കും.