ബൈക്കുകളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വർണമാല കവർച്ച ചെയ്തവരെ നെടുപുഴ പോലീസ് പിടികൂടി.

ബൈക്കുകളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വർണമാല കവർച്ച ചെയ്തവരെ നെടുപുഴ പോലീസ് പിടികൂടി. പുത്തൂർ വെട്ടുകാട് പുളിഞ്ചോട് ദേശത്ത് ചിറയത്ത് വീട്ടിൽ ജിബിൻ (34), പീച്ചി ആശാരിക്കാട് പുന്നച്ചോട് ദേശത്ത് വാഴപ്ളാക്കൽ വീട്ടിൽ റിജോ (26) എന്നിവരാണ് നെടുപുഴ പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ചിയ്യാരം ആൽത്തറ ജംഗ്ഷന് സമീപം ബേക്കറി നടത്തി വന്നിരുന്ന സ്ത്രീ ധരിച്ചിരുന്ന മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് കവർച്ച ചെയ്തത്. സോഡ കുടിക്കാനെന്ന വ്യാജേന പ്രതികൾ കടയിലെത്തി, സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണമാല വലിച്ചെടുത്ത് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

സംഭവ സ്ഥലത്തിനു 10 കിലോമീറ്റർ ചുറ്റളവിലുള്ള ഇരുന്നൂറിലധികം സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചതിൽ നിന്നുമാണ് കുറ്റവാളികളെ കുടുക്കിയത്. ഇവരിൽ നിന്നും മോഷണ മുതൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്.