ചാവക്കാട് തെക്കൻ പാലയൂർ കഴുത്താക്കൽ പാലത്തിനടുത്ത് ബണ്ടിനോട് ചേർന്ന പത്താഴ കുഴിയിൽ ഇറങ്ങിയ അഞ്ചു വിദ്യാർത്ഥികളിൽ മൂന്നുപേർ മരിച്ചു. രണ്ടു പേർ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് സംഭവം.
തെക്കൻ പാലയൂർ സ്വദേശികളായ മനേപറമ്പിൽ ഷെണാത് മകൻ വരുൺ (18), മക്കേടത് മുഹമ്മദിൻ്റെ മകൻ മുഹസിൻ (16) മനേപറമ്പിൽ പരേതനായ സുനിൻ്റെ മകൻ സൂര്യ (16) എന്നിവരാണ് മരിച്ചത്. അര പൊക്കം വെള്ളം ഉള്ളിടത്ത് നീന്തിനടന്ന കുട്ടികൾ പത്താഴകുഴിയിൽ എത്തിയപ്പോൾ അവർ പതിച്ചത് 15 അടിയോളം താഴ്ച്ചയിലേക്ക് ആണ്. മുന്നിൽ നീന്തിയ മൂന്ന് കുട്ടികൾ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടു രണ്ടു കുട്ടികൾ പിന്നാക്കം പോയി.
ചെമ്മീൻ കെട്ടിൽ നിന്നുള്ള വെള്ളം കായലിലേക്ക് തുറന്നു വിടാൻ സ്ഥാപിച്ചിട്ടുള്ള ചീർപ്പിന് മുന്നിലാണ് പത്താഴ കുഴി എന്നു വിളിക്കപ്പെടുന്ന കായമുള്ളത്. സ്ഥിരമായി വെള്ളം കുത്തിയൊഴുകി രൂപപ്പെട്ട വെള്ളക്കുഴി ആണിത്. വെള്ളം ഒഴുകുന്ന സമയത്ത് ചുഴി പോലെ വെള്ളം കുതിച്ചുപായുന്ന ഒരിടം കൂടിയാണ്.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരുടെ സഹായത്തോടെ മുനക്കക്കടവ് കോസ്റ്റൽ പോലീസ് വാർഡൻ ബ്ലാങ്ങാട് സ്വദേശി അക്ഷയ് പത്താഴ കുഴിയിൽ ഇറങ്ങി മൂന്നു പേരേയും പുറത്തെടുത്തു. മൂന്നു പേരേയും ഉടൻ തന്നെ ചാവക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരെയും രക്ഷിക്കാനായില്ല.