ഗുരുവായൂരില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ഗുരുവായൂര്‍ നഗരസഭ ടൗണ്‍ പ്രദേശത്തെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ മിന്നല്‍ പരിശോധന നടത്തി. കിഴക്കേനട, ഇന്നര്‍ റിങ്ങ് റോഡ്, പടിഞ്ഞാറെനട, ഔട്ടര്‍റിങ്ങ് റോഡ് എന്നിവിടങ്ങളിലായി 21 ഭക്ഷണ ശാലകളിലാണ് ചൊവ്വാഴ്ച രാവിലെ 7 മുതല്‍ പരിശോധന നടത്തിയത്.

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 4 ഹോട്ടലുകളില്‍ നിന്ന് പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു.

ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങളില്‍ നിന്നും ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്നും നിയമാനുസൃത പിഴ ഈടാക്കും. ഭക്തജന തിരക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കി നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. .