യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് പണവും എ.ടി.എം. കാർഡും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച ചെയ്ത സംഘത്തിലെ പ്രധാനിയായ കുറുമ്പിലാവ് ദേശത്ത് കറുപ്പം വീട്ടിൽ നിസാർ (26) എന്നയാളെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബർ 26 ന് തിയ്യതി രാത്രിയിൽ ചിയ്യാരം ആലും വെട്ടുവഴിയിൽ വെച്ച് മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന കാര്യാട്ടുകര സ്വദേശിയായ യുവാവിനെ കത്തി കാണിച്ച് ഭീഷണി പ്പെടുത്തി തടഞ്ഞുനിർത്തി കാറിൽ കയറ്റി കൊണ്ടുപോയി അന്തിക്കാട് കോൾപ്പാടത്ത് വെച്ച് ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച് പണവും എ.ടി.എം. കാർഡും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള മുതലുകൾ കവർച്ച ചെയ്ത് യുവാവിനെ പാടത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന നിസാർ, പത്തനംതിട്ട ജില്ലയിലെ പമ്പ സ്റ്റേഷൻ പരിധിയിലെ തുലാപ്പിള്ളി എന്ന സ്ഥലത്തുള്ള വനത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.
കുപ്രസിദ്ധ ക്രിമിനൽ സംഘാംഗത്തെ പത്തനംതിട്ടയിലെ പമ്പയിൽ നിന്നും നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി.ദിലീപ്, സബ് ഇൻസ്പെക്ടർ അനുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു മൂന്നു പ്രതികളെ സംഭവം നടന്ന അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പിടികൂടാൻ തൃശൂർ എ.സി.പി. വി.കെ.രാജുവിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.