വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി പ്രഖ്യാപിച്ച പൊതുപണിമുടക്ക് മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കും. ആശുപത്രി, ആംബുലന്‍സ്, മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍റ് റസ്ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി.
48 മണിക്കൂര്‍ നീളുന്ന പൊതു പണിമുടക്കില്‍ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്നു ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. മാര്‍ച്ച് 28 രാവിലെ ആറ് മണി മുതല്‍ മാര്‍ച്ച് 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്.
വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പണിമുടക്കുന്നതോടെ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കും. കര്‍ഷക സംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപകസംഘടനകള്‍, ബിഎസ്‌എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കുചേരും.
ദേശീയതലത്തില്‍ ബി.എം.എസ് ഒഴികെ 20 ഓളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ അണിനിരക്കുമെന്ന് സംയുക്തസമിതി നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.