
തൃശൂർ: നടുറോഡിൽ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്. കൊല്ലപ്പെട്ട മാങ്ങാരപറമ്പിൽ റിൻസി നാസറിന്റെ (30) തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ് (25). റിൻസിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതിനെ തുടർന്ന് റിയാസിനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ, ജോലിയിൽ തിരിച്ചെടുക്കണ മെന്നാവശ്യപ്പെട്ട് റിൻസിയെ റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു.
തിരിച്ചെടുക്കാൻ റിൻസി തയാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലാണ് റിൻസിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആളൊഴിഞ്ഞ മേഖലയിൽ വെച്ച് യുവാവ് സ്‌കൂട്ടർ തടഞ്ഞു നിറുത്തി ആക്രമിച്ചത്.
ഈ സമയത്ത് അത് വഴി വന്ന മദ്രസ അധ്യാപകർ ബഹളമുണ്ടാക്കിയതോടെ ആക്രമി പിൻവാങ്ങി കടന്നു. തലക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.