കൊച്ചി : മീഡിയ വൺ ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുളള അപ്പീൽ ഹർജിയിൽ ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. ചാനലിന്‍റെ പ്രവർത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ഉണ്ടെന്നുമായിരുന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
എന്നാൽ എന്തൊക്കെ കാരണങ്ങളാലാണ് തങ്ങളെ വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സർക്കാരിന്‍റേതെന്നുമാണ് ഹർജിക്കാരുടെ വാദം.
രാവിലെ പത്തരയോടെ ചീഫ് ജസ്റ്റീസ് അടങ്ങിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മീഡിയ വൺ ചാനൽ നൽകിയ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തളളിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ചാനൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.