വ്യാജ സ്വർണ്ണം പണയം വച്ച് തൃശൂരിലെ സ്വകാര്യ ബാങ്കിൽ നിന്നും 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ആലുവ ചീരംപറമ്പിൽ നിഷാദ് (40) നെയാണ് വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും അറസ്റ്റുചെയ്തത്.
സ്വർണ്ണാഭരണമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആഭരണങ്ങളാണ് ഇയാൾ ബാങ്കിൽ പണയം വച്ചത്. വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ ഇയാൾ ചേലക്കരയിലും ആലുവയിലുമായി മാറിമാറി ഒളിച്ചു താമസിക്കുന്നതായി കണ്ടെത്തി. രണ്ട് ഭാര്യമാർ ഉളള ഇയാൾ തട്ടിപ്പു നടത്തി ലഭിക്കുന്ന പണം സുഖജീവിതത്തിനായി ഉപയോഗിച്ചു വരികയായിരുന്നു.
കൂടാതെ ഗോവയിലെ ചൂതാട്ട കേന്ദ്രത്തിൽ ഇയാൾ പണം ചിലവിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ മറ്റു ജില്ലകളിലും സമാനമായ രീതിയിൽ തട്ടിപ്പു നടത്തിയതായി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സബ് ഇൻസ്പെക്ടർമാരായ വിനയൻ ആർ.എസ്, തോമസ് കെ.എ., സിവിൽ പോലീസ് ഓഫീസർമാരായ സനൂപ് ശങ്കർ, അനിൽകുമാർ പി.സി, അബീഷ് ആൻറണിഎന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.