
അന്തരിച്ച ചലച്ചിത്രതാരവും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സനുമായിരുന്ന കെപിഎസി ലളിതയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരി ഏങ്കക്കാട്ടെ വീട്ടുവളപ്പില്‍ വൈകീട്ട് ആറു മണിക്ക് സംസ്ക്കരിച്ചു. രാവിലെ എട്ട് മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് ഭൗതിക ശരീരം കെഎസ്ആര്‍ടിസി ബസില്‍ വിലാപയാത്രയായി തൃശൂരില്‍ എത്തിച്ചത്.
ഉച്ചയ്ക്ക് രണ്ടു മണിയോടെ തൃശൂര്‍ സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തിയ്യറ്ററിൽ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സാംസ്കാരിക രാഷ്ട്രീയ സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
ടി എന്‍ പ്രതാപന് എം പി, സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ആദിത്യ, സാഹിത്യ അക്കാദമി അധ്യക്ഷന്‍
വൈശാഖന്, മുന്‍ മന്ത്രിമാരായ പ്രഫ. സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍, കെ പി രാജേന്ദ്രന്, കെ ഇ ഇസ്മയില്‍, മുന്‍ എംപി ഇന്നസെന്റ്,
സിനിമാ പ്രവര്‍ത്തകര്‍, സാഹിത്യ സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവര്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. 2.45 ന് വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയ മൃതദേഹം വടക്കാഞ്ചേരി നഗരസഭ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു.
എംപി രമ്യ ഹരിദാസ്, നഗരസഭ ചെയര്മാന് പി എന്‍ സുരേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നബീസ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ അന്ത്യേപചാരമര്‍പ്പിച്ചു.
തുടര്‍ന്ന് കെ പി എസ് സി ലളിതയുടെ ഏങ്കക്കാട്ടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ആറു മണിയോടെയായിരുന്നു ഓദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചത്.
ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും നാട്ടുകാരും വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലെ മകന് സിദ്ധാര്‍ഥ് ഭരതന്റെ ഫ്ളാറ്റില്‍ ചൊവ്വാഴ്ച രാത്രി 10.45 നായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.