
തിരുവനന്തപുരം: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്രയും പെട്ടെന്ന് ട്രോമകെയര്‍ സംവിധാനവും ട്രയാജ് സംവിധാനവും പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ട്രോമകെയര്‍ ബ്ലോക്ക് കോടതി വ്യവഹാരങ്ങള്‍ അവസാനിപ്പിച്ച് പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള ഇടപടലുകള്‍ നടത്തിയിരുന്നു.
ഇതിന്റെ ഫലമായി വര്‍ഷങ്ങള്‍ക്ക് ശേഷം ട്രോമകെയറിന്റെ നിര്‍മ്മാണം പുനരാരംഭിച്ചിട്ടുണ്ട്. വളരെ വേഗത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എമര്‍ജന്‍സി മെഡിസിന്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജില്‍ ഒരു പീഡിയാട്രിക് ഐസിയുവിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആരംഭിക്കുന്നതിന് കിഫ്ബിയിലൂടെ പണം അനുവദിച്ചിട്ടുണ്ട്. സമയബന്ധിതമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കുന്നതിനായുള്ള നിര്‍ദേശം എസ്.പി.വിക്ക് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ന്യൂറോ സര്‍ജറിക്ക് രണ്ട് പിജി സീറ്റുകള്‍ മെഡിക്കല്‍ കോളേജിന് അധികമായി ലഭിച്ചിരുന്നു. മെഡിക്കല്‍ കോളേജിന് സ്വന്തമായൊരു എംആര്‍ഐ മെഷീന്‍ അനുവദിക്കും.
ഒഴിവുള്ള മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ തസ്തിക ഉടന്‍ നികത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. രോഗികളുടെ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കിടക്കകള്‍ മരുന്നുപയോഗിച്ച് വൃത്തിയാക്കാനും നിര്‍ദേശിച്ചു.
അത്യാഹിത വിഭാഗം, വിവിധ വാര്‍ഡുകള്‍ എന്നിവ മന്ത്രി സന്ദര്‍ശിക്കുകയും രോഗികള്‍, കൂട്ടിരിപ്പുകാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക്, കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി എന്നിവ കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.
അസ്ഥിരോഗ വാര്‍ഡില്‍ ഓപ്പറേഷന്‍ കാത്ത് കിടക്കുന്നവര്‍ക്ക് ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനായി സൂപ്രണ്ടിനും, പ്രിന്‍സിപ്പലിനും മന്ത്രി നിര്‍ദേശം നല്‍കി.