യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ വിവാദ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് ദ്രുവീകരണം ലക്ഷ്യം വെച്ച് കേരളത്തിനെതിരെ വിവാദ പരാമർശവുമായി യോഗീ ആദിത്യനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു . വോട്ടർമാർക്ക് അബദ്ധം പറ്റിയാൽ ഉത്തർപ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന.
നിയമസഭ തെരെഞ്ഞെടുപ്പിൽ ബിജെപി തിരിച്ചടി നേരിടുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് യോഗിയുടെ വിവാദ പ്രസ്താവന. യുപി കേരളം പോലെ ആയാൽ ബിജെപിയുടെ തോൽവി ഉറപ്പാണെന്ന് സീതാറാം യെച്ചൂരി മറുപടി നൽകിയിരുന്നു.
യോഗിക്ക് ഭയമാണെന്നും യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു .
മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത ഒരു യോജിപ്പുള്ള സമൂഹമായി മാറുമെന്നും, യു പി ജനത ആഗ്രഹിക്കുന്നത് അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.