തൃശൂരില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവ് ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു..

തൃശ്ശൂര്‍: തൃശൂരില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവ് ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു എന്ന്  പരാതി. ചളിങ്ങാട് സ്വദേശി ചമ്മിണിയില്‍ മാലിക്കിന്റെ മകള്‍ റീമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് മുഹമ്മദ് അശ്വിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.

അഞ്ച് വര്‍ഷം മുന്‍പ് വിവാഹിതരായ റീമയും അശ്വിനും ഒരു വര്‍ഷമായി അകന്ന് കഴിയുകയാണ്. കഴിഞ്ഞ ദിവസം രാത്രി തന്നെ പെരിഞ്ഞനത്തേക്ക് വിളിച്ചു വരുത്തുകയും കാറില്‍ കയറ്റി കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് റീമയുടെ മൊഴി.

കഴുത്തിന് പരിക്കേറ്റ റീമ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും റീമയുടെ പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ക്കെതിരെയും കേസ് എടുത്തതായി പൊലീസ് അറിയിച്ചു.