ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികൾ..

policeman-vehcle-thrissur-vartha-news-kerala-police-viyyur

ക്രമസമാധാന പാലനത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുണ്ടാകില്ല. ഗുണ്ടാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരെയും, സമൂഹവിരുദ്ധർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തൃശൂർ സിറ്റി പോലീസ് പരിധിയിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവർക്കെതിരെയും സമൂഹവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഏഴുപേർക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചു, അവരെ നാടുകടത്തി.

മണ്ണുത്തി പട്ടാളകുന്ന് വലിയകത്ത് വീട്ടിൽ അസീസ് (28) എന്നയാളെ കാപ്പാ നിയമപ്രകാരം അറസ്റ്റുചെയ്ത് ഒരു വർഷത്തെ കരുതൽ തടങ്കിലിനായി ജയിലിലടച്ചു. മണ്ണുത്തി കൊഴുക്കുള്ളി കേലങ്ങത്ത് ജിഷ്ണു (21), കൊലപാതകം ഉൾപ്പെടെ നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ മണ്ണുത്തി കൊഴുക്കുള്ളി മലയൻവീട്ടിൽ രാജീവ് (21)

നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ ചെറുതുരുത്തി കലാമണ്ഡലം ലക്ഷംവീട് കോളനി പാളയംകോട്ടുക്കാരൻ റജീബ് (25), വധശ്രമം ഉൾപ്പെടെ നിരവധികേസുകളിൽ പ്രതിയായ ഒല്ലൂർ ഇരവിമംഗലം പോലുവളപ്പിൽ റോഷൻ (41),

വ്യാജചാരായ വാറ്റ്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ മുളയം വലക്കാവ് അച്ചൻകുന്ന് തച്ചമ്പിള്ളി വീട്ടിൽ സുബീഷ് (37) എന്നിവരെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് നാടുകടത്തി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും മയക്കുമരുന്ന് ഉൾപ്പെടെയുളള മാരക ലഹരി വസ്തുക്കൾ വിൽപ്പന നടത്തി വന്നിരുന്ന പേരാമംഗലം, വരടിയം പ്രകൃതി മിച്ചഭൂമി ചീരക്കാട്ടുക്കുഴി വീട്ടിൽ രാഹുൽ (24) കാപ്പാ നിയമപ്രകാരം അറസ്റ്റുചെയ്ത് ജില്ലയിൽ നിന്നും നാടുകടത്തി.

വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ പൊതു സമാധാന ലംഘന പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ടുവന്ന 332 ആളുകളെ കണ്ടെത്തി, അവർക്കെതിരെ ക്രമിനൽ നടപടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇവർ വരും കാലങ്ങളിൽ ക്രമസമാധാന, സമൂഹവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ സത്യവാങ്ങ്മൂലവും ബോണ്ടും സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ നല്ല നടപ്പ് ജാമ്യം അനുവദിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട്, ജാമ്യത്തിലിറങ്ങി, ഒളിവിൽ കഴിഞ്ഞിരുന്ന 608 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

ഗുണ്ടാ പ്രവർത്തനങ്ങളോ, സമൂഹ വിരുദ്ധ പ്രവർത്തനങ്ങളോ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ വരും ദിവസങ്ങളിൽ തുടരും.

മയക്കുമരുന്ന് വിപണനം, ഉപയോഗം എന്നിവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അനധികൃതമായി വലിയതുക പലിശ ഈടാക്കി പണം വായ്പ നൽകുന്നവരെ കണ്ടെത്തി, നിയമനടപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് സമൂഹ സ്പർദ്ധയുണ്ടാക്കുന്നവരെ കണ്ടെത്തുന്നതിന് ഇന്റർനെറ്റ് പട്രോളിങ്ങ് നടത്തും.