പുഴയ്ക്കലിൽ ഇനി കോൺക്രീറ്റ് റോഡ്..

തൃശ്ശൂർ – ഗുരുവായൂർ പാതയിലുള്ള പുഴയ്ക്കൽ മേഖലയിൽ മഴക്കാലത്ത് വെള്ളക്കെട്ട് പതിവാണ്. കഴിഞ്ഞ പ്രളയങ്ങളിലും ദിവസങ്ങളോളം പാത വെള്ളത്തിനടിയിലായിരുന്നു. പാടത്തിന്റെ നിരപ്പിനോട് ചേർന്നാണ് റോഡിന്റെ ഉയരവും. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാവും. നിലവിലെ നിരപ്പിൽ നിന്ന് രണ്ടര മീറ്റർ ഉയർത്തിയാണ് പുതിയ റോഡ് പണിയുന്നത്.

മഴസമയങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായ പുഴയ്ക്കൽ ഭാഗത്ത് കോൺക്രീറ്റ് റോഡാണ് നിർമിക്കുക. പ്രളയബാധിത മേഖലകളിൽ കോൺക്രീറ്റ് റോഡാണ് ഉചിതമെന്ന് പദ്ധതിയുടെ മേൽനോട്ടക്കാരനായ എൻജിനീയർ ഇ.കെ. ബാബു പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കാനയുടെ നിർമാണം നടക്കും.

218 കോടി രൂപ ചെലവുള്ള പദ്ധതി രണ്ടര വർഷം കൊണ്ട് പൂർത്തിയാകും. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട്‌ പ്രോജക്ടിന്റെ, പാറമേക്കാവ് മുതൽ കല്ലുംപുറം വരെയുള്ള 33 കിലോമീറ്റർ റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടാണ് പുഴയ്ക്കൽ മേഖലയിലെ നിർമാണം. മുംബൈ ആസ്ഥാനമായ റെയ് എൻജിനീയറിങ്ങാണ് പദ്ധതിയുടെ കരാറുകാർ.