സ്ത്രീകൾ ഉൾപ്പെട്ട തത്സമയ അശ്ളീല ചർച്ചകളുടെ ഓഡിയോ ക്ളിപ്പുകള് സോഷ്യൽ മീഡിയകളിൽ പരക്കെ പ്രചരിച്ചപ്പോഴാണ് ഓൺലൈൻ ചാറ്റ് റൂമുകളിൽ പതുങ്ങിയിരിക്കുന്ന ചതിയെ കുറിച്ച് പലരും ചിന്തിക്കാൻ തുടങ്ങിയത്.
സ്ത്രീ വിരുദ്ധത, അശ്ളീല സംഭാഷണങ്ങൾ, യുവാക്കളെ വഴിതെറ്റിക്കുന്ന, ലഹരിമണക്കുന്ന ചാറ്റുകൾ, യഥാർത്ഥമുഖം മറച്ചുവച്ച് ലൈംഗീക ചൂഷണങ്ങളിലേക്കുള്ള വഴിവെട്ടുന്നവർ, വർഗ്ഗീയ വിദ്വേഷം പരത്തുന്നവർ അങ്ങനെ ചാറ്റ് റൂമിലെ കെണികൾ നിരവധിയാണ്. കുട്ടികളാണ് കൂടുതലും ചാറ്റ് റൂമുകളിൽ കയറുന്നത് അതിയാൽതന്നെ ഇത്തരം റൂമുകളിൽ കയറി യുവതലമുറ വഴിതെറ്റാനുള്ള സാദ്ധ്യതയും കൂടുതലാണ്.
ലൈവ് ഓഡിയോ റൂമുകളാണ് ഇവിടുത്തെ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കർ’മാരുടെ അനുമതിയില്ലാതെ വോയ്സ് റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാനും കഴിയും. ഇത്തരത്തിലുള്ള വോയ്സാണ് പിന്നീട് പ്രചരിക്കുന്നത്.
സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വിഡിയോയിൽ പതിയും ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്സാപ്പ് വഴിയും വ്യാപകമായി പ്രചരിക്കപെടാം. സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം റൂമിലെ പങ്കാളുകളുടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയിൽ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല. റെക്കോർഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ ‘സെൻസറിംഗ്’ ഇല്ലാതെ പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറൽ ആകാം.
ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഒരാൾ ഒരു റൂമിൽ കയറിയാൽ ആ വിവരം അവരെ പിന്തുടരുന്നവർക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവർക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്ക്രീൻഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്.
ഗാനാസ്വാദനങ്ങളിലൂടെ വിനോദവും വിവിധ വിഷയങ്ങളിലുള്ള വിജ്ഞാനവും നൽകുന്ന പലതരം ചാറ്റ് റുമുകൾ ഉണ്ടെങ്കിലും ഒരു രസത്തിന് അറിയാനുള്ള ആകാംക്ഷയോടെ ചില റൂമുകളിലേക്ക് കാലെടുത്തുവയ്ക്കുകയും ക്രമേണ നാമറിയാതെതന്നെ അതിൽ ചാറ്റ്ചെയ്യാൻ തുടങ്ങയും ചെയ്യുന്നു.
ചാറ്റ് റൂമുകളെ നല്ലതിനുവേണ്ടി മാത്രം ഉപയോഗപ്പെടുത്തുക. നിങ്ങളെ കാത്തിരിക്കുന്ന കഴുകൻമാർക്ക് ഇരകളാകാതിരിക്കുക.