ഡാമിന് താഴെ ഇടതുകര കനാലിനോട് ചേർന്നുള്ള കേരള എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഉദ്യാനം കാട് കയറി നശിക്കുന്നു..

പീച്ചി. ഡാമിന് താഴെ ഇടതുകര കനാലിനോട് ചേർന്നുള്ള കേരള എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഉദ്യാനം കാട് കയറി നശിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ വന്നതോടെ കഴിഞ്ഞ സീസണിൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിയത്. എന്നിട്ടും വേണ്ട രീതിയിലുള്ള അറ്റകുറ്റ പണികളോ നടത്താൻ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കെ.ഇ.ആർ.ഐ അധികൃതർ ഇതു വരെ തയ്യാറായിട്ടില്ല.

ഏകദേശം മൂന്ന് ഏക്കറോളം സ്ഥലത്ത് രണ്ട് ലക്ഷത്തിലേറെ രൂപ ചിലവഴിച്ച് നട്ടു വളർത്തിയ കോളാമ്പി ചെടികൾ നിന്നിരുന്ന സ്ഥലം ഇപ്പോൾ കൊടും കാടാണ്. നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന രണ്ട് വാട്ടർ ഫൗണനുകൾ ഉണ്ട് ഇപ്പോൾ അതിന്റെയെല്ലാം പ്രവർത്തനങ്ങൾ നിലച്ചമട്ടാണ്.

ഉദ്യാനത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനായി നിർമ്മിച്ചിട്ടിരുന്ന സ്റ്റീൽ കസേരകളും സമീപത്തെ നടവഴികളും കാട് കയറി നശിച്ചു തുടങ്ങി. മാലിന്യങ്ങൾ നിക്ഷേപിക്കാൻ വെയിസ്റ്റ് ബോക്‌സുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും നിറഞ്ഞ് കവിഞ്ഞ് മാലിന്യം മുഴുവൻ നടപ്പാതകളിൽ ചിതറി കിടക്കുന്നത് കാണാം. ഉദ്യാനത്തോട് ചേർന്ന് കെഇആർഐയുടെ തന്നെ കീഴിലുള്ള നീന്തൽകുളത്തിന്റെ അവസ്ഥ അതിലേറെ ശോചനീയമാണ്.

വർഷങ്ങളായി ആളുകൾക്ക് അതിനുള്ളിൽ കയറാൻ സാധിച്ചിട്ട്. പ്രധാന ഗേറ്റിന്റെ മുൻവശം കാടുകയറി ഗേറ്റ് തുറക്കാൻ സാധിക്കാത്ത നിലയിൽ ആയിട്ടുണ്ട്. എന്നാൽ ഡാമിന്റെ വലത് ഭാഗത്തുള്ള ഡിറ്റിപിസിയുടെ കീഴിലുള്ള ഉദ്യാനം അതിമനോഹരമായാണ് പരിപാലിച്ച് സൂക്ഷിക്കുന്നത്. നടപ്പാതകളും ഉദ്യാനത്തിലെ വാട്ടർ ഫൗണ്ടൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളും വിനോദ സഞ്ചാരികൾക്ക് യഥേഷ്ടം ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ആണുള്ളത്. അതുകൊണ്ടുതന്നെ കെഇആർഐയുടെ കീഴിലുള്ള സംവിധാനങ്ങൾ മാത്രം ഇത്തരത്തിൽ നശിക്കുന്നത് അധികൃതരുടെ അനാസ്ഥ കൊണ്ട് മാത്രമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിലയിൽ ഡാമും പരിസരങ്ങളും വൃത്തിയാക്കി സൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.