തൃശ്ശൂർ മൂകാംബിക ഹോംസ് ആൻറ് അപ്പാർട്ട്മെന്റ്സ് മാനേജിങ്ങ് ഡയറക്ടർമാരായ പൂത്തോൾ അടിയാട്ട് ലൈൻ രാജ്ഭവൻ രാജു സേതുറാം, (48), തൃശൂർ പൂങ്കുന്നം ചക്കുംപുറത്തുവീട്ടിൽ അജിത് (46), എന്നിവരെയാണ് ടൌൺ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.
2015ൽ പൂങ്കുന്നത്ത് ബാംബു വേവ്സ് എന്ന പേരിൽ പണിയാരംഭിച്ച പുതിയ ഫ്ളാറ്റ് സമുച്ചയത്തിലെ ഫ്ലാറ്റുകളുടെ പേരിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന ഇന്ത്യ ബുൾസ് ഹൌസിങ്ങ് ഫിനാൻസ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും ഫ്ലാറ്റ് ബുക്ക്ചെയ്ത ഇടപാടുകാരെക്കൊണ്ട് ഫ്ലാറ്റിന്റെ ഒറിജിനൽ രേഖകളാണെന്നു തെറ്റിദ്ധരിപ്പിച്ച് ലോൺ എടുപ്പിച്ചിരുന്നു.
പിന്നീട് ഇതേ രേഖകളുടെ വ്യാജപതിപ്പുകൾ നിർമ്മിച്ച് അതേ ഫ്ളാറ്റുകൾക്ക് മറ്റ് ഇടപാടുകാരെ കണ്ടെത്തുകയും അവരുടെ പേരിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പ്രതികൾ ലോൺ എടുക്കുകയും ചെയ്തു. ഇവർ ഇന്ത്യ ബുൾസ് ഹൌസിങ്ങ് ഫിനാൻസിന് 3 കോടി രൂപ തിരിച്ചടക്കാനുള്ളതായാണ് കമ്പനി അസിസ്റ്റൻറ് ലീഗൽ മാനേജർ അനുഷ്.എ.രവീന്ദ്രന്റെ പരാതിയിൽ പറയുന്നത്. വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആകെ 17 പ്രതികളുണ്ട്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കെതിരെ അന്വേഷണം നടന്നുവരികയാണ്.
പ്രതികളായ രാജു സേതുറാമിനെതിരായി തൃശൂർ ടൌൺ ഈസ്റ്റ്, ടൌൺ വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാനമായ 9 കേസുകളും, അജിത് ചക്കുംപുറത്തിനെതിരായി വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അഞ്ച് കേസുകളുമുണ്ടെന്ന് വെസ്റ്റ് പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ.ആർ. റെമിൻ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രീത് ആർ.എസ്, സിവിൽ പോലീസ് ഓഫീസർ അനീഷ് പി.വി, എന്നിവരും ഉണ്ടായിരുന്നു.