പ്രദീപിന്റെ കുടുംബത്തിന് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ സഹായം… വീട്ടിലെത്തി ഉത്തരവ് കൈമാറി മന്ത്രി കെ രാജൻ…

പുത്തൂർ. കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകുന്നതിനും അച്ഛന്റെ ചികിത്സാ ധനസഹായത്തിനുമുള്ള സർക്കാർ ഉത്തരവ് പ്രദീപിന്റെ പുത്തൂരിലെ വീട്ടിൽ നേരിട്ടെത്തി റവന്യൂമന്ത്രി കെ രാജൻ കൈമാറി.

ജില്ലാ കളക്ടർ ഹരിത വി കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രദീപിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി റവന്യൂ വകുപ്പിൽ ജില്ലയിൽ തന്നെ നൽകുമെന്നും ഇതിനായി ജില്ലാ കളക്ടർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദീപിന്റെ അച്ഛന്റെ

ചികിത്സാ സഹായത്തിനുള്ള തുക കളക്ടറുടെ പ്രത്യേക ഫണ്ടിലേയ്ക്ക് എത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ കുടുംബത്തിന്റെ അക്കൗണ്ടിലേയ്ക്ക് എത്തുമെന്നും പ്രദീപിന്റെ കുടുംബത്തിന് ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ സർക്കാർ സഹായം നൽകാൻ കഴിഞ്ഞതായും  മന്ത്രി അറിയിച്ചു.

കുടുംബത്തിന് ധനസഹായമായി 5 ലക്ഷം രൂപയും ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3 ലക്ഷം രൂപയുമാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇതിൽ മൂന്ന് ലക്ഷമാണ് ഉടനെ കൈമാറുക. തൃശൂർ തഹസിൽദാർ ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ജോസഫ് ടാജറ്റ്, കെ.വി സജു പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പം പ്രദീപിന്റെ വീട് സന്ദർശിച്ചു.