
സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ നിത്യേനയെന്നോണം നടക്കുന്ന അവയവ മാറ്റ ശസ്ത്രക്രിയകള്‍ സംബന്ധിച്ച് സര്‍ക്കാറിന്റെ പക്കല്‍ കണക്കുകള്‍ ഒന്നുമില്ലെന്ന് വിവരാവകാശ റിപ്പോര്‍ട്ട്. സംസ്ഥാനത്താകെ 46 ആശുപത്രികളിലാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്താനുള്ള അംഗീകാരമുള്ളത്.
ഇതില്‍ ഗവ.മെഡിക്കല്‍ കോളേജുകളുള്‍പ്പടെ ഏഴ് സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നതിന്റെ ഏറെയിരട്ടി സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയ നടക്കുമ്പോഴും ഇതു സംബന്ധിച്ച് കണക്കുകള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രധാനപ്പെട്ട് നാല് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി നടന്നത് 707 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും ഏഴ് ഹൃദയ മാറ്റവും ഒരു കരള്‍മാറ്റ ശസ്ത്രക്രിയകളുമായിരുന്നു.
കോഴിക്കോട് 455, ആലപ്പുഴയില്‍ 15, വൃക്ക മാറ്റിവെച്ചപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ 139 വൃക്കയും ഏഴ് ഹൃദയവും തിരുവനന്തപുരത്ത് 98 വൃക്കയും ഒരു കരള്‍ മാറ്റവുമാണ് ഇക്കാലയളവില്‍ നടന്നത്.
മൃതസജ്ഞീവനി പദ്ധതി പ്രകാരം 368 വൃക്കമാറ്റ ശസ്ത്രക്രിയയും 261 കരള്‍മാറ്റവും 58 ഹൃദയ ശസ്ത്രക്രിയയും നടന്നിട്ടുണ്ട്. വിവരാവകാശ പ്രവര്‍ത്തകന്‍ കാക്കനാട് സ്വദേശി രാജു വാഴക്കാല സമര്‍പ്പിച്ച അപേക്ഷയിന്‍മേലാണ് ഈ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്.
മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ നിന്നാണ് മറുപടി കിട്ടിയത്. സ്വകാര്യ ആശുപത്രികളിലെ ഇത്തരത്തിലുള്ള പ്രധാന ശസ്ത്രക്രിയകളുടെ ഫീസ് ഏകീകരിക്കുന്നതിനുള്ള നടപടികള്‍ ഇനിയും പ്രാവര്‍ത്തികമാക്കാത്തതാണ് ചൂഷണങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന പരാതിയും ശക്തമാണ്.
സ്വകാര്യ ആശുപത്രികളില്‍ അവയവമാറ്റ ശസ്ത്രക്രിയക്കായി ലക്ഷങ്ങള്‍ ഫീസീടാക്കുമ്പോഴും ഇതു സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിനു വേണ്ടിയാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്.