ഹെലികോപ്ടർ അപകട സമയത്ത് ജീവൻ രക്ഷിച്ച കുടുംബത്തിന് എം.എ യൂസഫലി നൽകിയത് വിലപിടിപ്പുളള സ്നേഹ സമ്മാനം.

ഹെലികോപ്ടർ അപകട സമയത്ത് ജീവൻ രക്ഷിച്ച കുടുംബത്തിന് എം.എ യൂസഫലി നൽകിയത് വിലപിടിപ്പുളള സ്നേഹ സമ്മാനം. രാജേഷും ബിജിയും ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം നൽകിയാലും മതിയാവില്ലെന്ന് ഉപഹാരം സമ്മാനിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഹെലികോപ്റ്റർ ഇടിച്ചിറക്കിയ ഭൂമിയുടെ ഉടമസ്ഥൻ പീറ്ററിനും യൂസഫലി സമ്മാനങ്ങൾ നൽകി. പീറ്ററിനും മകനും ഓരോ മൊബൈൽ ഫോൺ വീതവും ഭാര്യക്ക് വാച്ചും ചോക്ലേറ്റ് പൊതിയും നൽകിയാണ് അദ്ദേഹം മടങ്ങിയത്.

പനങ്ങാട്ടെ വീട്ടിൽ നേരിട്ടെത്തി രാജേഷിനോടു ബിജിയോടും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറഞ്ഞ് മടങ്ങുമ്പോൾ അദ്ദേഹം നൽകിയ സമ്മാനം എന്താണെന്ന് അറിയാനുളള ആകാംക്ഷ ഉണ്ടായിരുന്നു. ഉപഹാരം എന്താണെന്ന് എം എ യൂസഫലിയോട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അവരോട് തന്നെ ചോദിയ്ക്കുക എന്നതായിരുന്നു മറുപടി.

ബിജിക്ക് പത്ത് പവൻ സ്വർണ്ണവും രണ്ടര ലക്ഷം രൂപയും വാച്ചുമാണ് യൂസഫലിയുടെ സമ്മാനം. ഭർത്താവ് രാജേഷിന് നൽകിയത് രണ്ടര ലക്ഷം രൂപയും വാച്ചും.

കുഞ്ഞിനായി കരുതിയിരുന്ന സ്വർണ്ണ ചെയിനും ചോക്ലേറ്റുകളടങ്ങിയ ഭീമൻ പൊതി വേറെയും. എട്ട് മാസത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത യൂസഫലി തൻറെ ജീവൻ രക്ഷിച്ചവർക്ക് നൽകിയത് വിലപിടിപ്പുളള സമ്മാനങ്ങളായിരുന്നു. തൻറെ കൊച്ചുവീട്ടിലേക്ക് യൂസഫലി എത്തിയതിൽ ഏറെ സന്തോഷമെന്ന് രാജേഷും ബിജിയും പ്രതികരിച്ചു.

വലിയ തിരക്കുകൾക്കിടയിലും തങ്ങളെ കാണാനും സന്തോഷവും നന്ദിയും അറിയിക്കാനും ഓടിയെത്തിയ എം എ യൂസഫലിയുടെ മനസ്സിന് നന്ദി പറയുകയാണ് ഈ കുടുംബങ്ങൾ.