കേരളത്തിൽ കൊറോണ മരണം കൂടുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം…

Covid-updates-thumbnail-thrissur-places

കേരളത്തിൽ കൊറോണ മരണം കൂടുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മലപ്പുറം, കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിൽ മരണ നിരക്ക് കൂടുതലാണ്. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്‌ച്ചയിൽ 2118 മരണമാണ് റിപ്പോർട്ട് ചെയ്തത്.

തൊട്ടുമുന്നത്തെ ആഴ്‌ച്ചയെക്കാൾ കൂടുതലാണിതെന്നും ക്രമാതീതമായി ഉയരുന്ന മരണ നിരക്ക് ആശങ്ക ഉയർത്തുന്നുവെന്നും കേന്ദ്രം പറഞ്ഞു. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിരീക്ഷണവും പരിശോധനയും കർശനമാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

ഒരു മാസത്തിനിടെ കേരളത്തിൽ 1,71,521 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഒരു മാസത്തെ ആകെ പുതിയ കേസുകളുടെ 55.08 ശതമാനമാണിത്. സംസ്ഥാനത്തെ 13 ജില്ലകളിലും കഴിഞ്ഞ ആഴ്‌ച്ച റിപ്പോർട്ട് ചെയ്ത പുതിയ കൊറോണ കേസുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കൊറോണ വ്യാപനവും മരണവും തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.

എറണാകുളം, കോഴിക്കോട്, തൃശൂർ, കോട്ടയം എന്നി ജില്ലകളിലെ പുതിയ കേസുകളണ് ആശങ്ക ഉണ്ടാക്കുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ വകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.