ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നു…

Covid-updates-thumbnail-thrissur-places

ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നു. സാഹചര്യം വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നു. ദക്ഷിണാ ഫ്രിക്കയിലേക്ക് വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്കേര്‍പ്പെടുത്തി.

യൂറോപ്യന്‍ യൂണിയനും യാത്രാവിലക്ക് പരിഗണിക്കുന്നു. മുപ്പതിലധികം മ്യൂട്ടേഷന്‍ സംഭവിച്ച കോവിഡ് വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചത്. മനുഷ്യ ശരീരത്തിലെ പ്രതിരോധ ശേഷി അതിവേഗം കുറയ്ക്കുന്നതിനൊപ്പം വേഗത്തില്‍ പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

നിലവില്‍ ഉപയോഗിക്കുന്ന വാക്സീനുകള്‍ക്ക് പുതിയ വകഭേദത്തെ തടയാനാകുമോ എന്നതിലും ആശങ്കയുണ്ട്. സൗത്ത് ആഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലായി 60 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിലും ഹോങ്കോങ്ങിലും ബോട്സ്വാനയിലും ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവര്‍ക്കാണ് വൈറസ് ബാധ.

പുതിയ വകഭേദം കണ്ടെത്തിയെന്ന വാര്‍ത്ത ആഗോള സമ്പ‍ദ്‍വ്യവസ്ഥയിലും ആശങ്ക പരത്തി. ഇന്ത്യന്‍ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞു. പുതിയ വൈറസിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഓഹരി വിപണിയെയും ബാധിച്ചു. വിപണികളിൽ കനത്ത നഷ്ടം നേരിട്ടു.