പാലക്കാട് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം പ്രതികൾ തൃശൂർ ഭാഗത്തേക്ക് കടന്നു എന്നാണ് പോലീസിൻ്റെ നിഗമനം.

thrissur arrested

പാലക്കാട് എലപ്പുള്ളിയിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കാണെന്നാണ് പൊലീസ് നിഗമനം.

ഇന്നലെ രാവിലെ 9 മണിയോടെയാണ് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേർ ചേർന്നാണ് വെട്ടിയത്. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണ കാരണം തലയിലേറ്റ വെട്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയിൽ മാത്രം ആറുവെട്ടുകളടക്കം ശരീരത്തിൽ മുപ്പതോളം വെട്ടുകളാണുള്ളതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹവുമായി ആർഎസ്എസ് പ്രവർത്തകർ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലേക്ക് വിലാപയാത്ര നടത്തി.

പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പാലിയേക്കര ടോളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. കുന്നംകുളത്തും ചാവക്കാടും കൊടുങ്ങല്ലൂരിലും ചെറായിലും പൊന്നാനിയിലും അന്വേഷണം വ്യാപിപ്പിക്കും. പ്രതികൾ കൊലയ്‌ക്കെത്തിയത് വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാറ് കണ്ടെത്താനും നീക്കം ആരംഭിച്ചു.