ടോൾപ്ളാസയിലെ യാത്രാസൗജന്യം… നെന്മണിക്കര, അളഗപ്പനഗർ പഞ്ചായത്തുകാർക്ക് ഇനി താമസ സർട്ടിഫിക്കറ്റ് വേണ്ട..

പാലിയേക്കര: ടോൾപ്ലാസയിൽ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കുള്ള സൗജന്യ പാസ്സ്. തൃശ്ശൂർ കോർപറേഷന്റെ ചില ഡിവിഷനുകളും തൃക്കൂർ, പുത്തൂർ, നടത്തറ, വരന്തരപ്പിള്ളി, പുതുക്കാട്, വല്ലച്ചിറ, പറപ്പൂക്കര, ചേർപ്പ്, അവിണിശ്ശേരി, പാണഞ്ചേരി, കൊടകര, ആളൂർ, മുരിയാട്, മറ്റത്തൂർ പഞ്ചായത്ത് പരിധികളിലും 10 കിലോമീറ്റർ യാത്രാ സൗജന്യം ലഭിക്കുന്നുണ്ട്. എന്നാൽ നിലവിൽ യാത്രാ സൗജന്യം ലഭിക്കുന്ന ഈ പഞ്ചായത്തുകളുടെ കാര്യത്തിൽ താമസരേഖ സംബന്ധിച്ച് തീരുമാനമായിട്ടില്ല. കൂടാതെ ഇവരാരും പൊതുവായ ഭരണ സമിതി തീരുമാനമോ കത്തോ നൽകാൻ തയ്യാറായിട്ടില്ല.

എന്നാൽ നെന്മണിക്കര, അളഗപ്പനഗർ പഞ്ചായത്ത് നിവാസികൾ താമസ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ഇരു പഞ്ചായത്തുകളും പൂർണമായി ടോൾപ്ലാസയുടെ 10 കിലോമീറ്റർ പരിധിയിലാണെന്നുകാട്ടി പഞ്ചായത്ത് അധികൃതർ ടോൾ കമ്പനിക്ക് കത്തുനൽകി. എന്നാൽ വാഹനയുടമകൾ അപേക്ഷയോടൊപ്പം ഏതെങ്കിലും രണ്ട് തരിച്ചറിയൽ രേഖകൾ ഹാജരാക്കണം.

താമസ രേഖയ്ക്ക് പകരമായി ആധാർ കാർഡോ വൈദ്യുതി, കുടിവെള്ള, ടെലഫോൺ ബില്ലുകളിലൊന്നോ കെട്ടിടനികുതി രസീതോ ഹാജരാക്കിയാൽ മതിയെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ യാത്രാ സൗജന്യം അനുവദിക്കാനാകില്ലെ ന്നായിരുന്നു ടോൾ കമ്പനിയുടെ നിലപാട്.

രണ്ട് പഞ്ചായത്തുകൾ നൽകിയ കത്ത് കമ്പനി അംഗീകരിച്ച സാഹചര്യത്തിൽ മറ്റുപഞ്ചായത്തുകളും ഈ മാതൃക പിന്തുടരാനിടയുണ്ട്. എന്നാൽ പത്ത് കിലോമീറ്റർ ദൂരപരിധിയെന്ന വ്യവസ്ഥയിൽ വ്യക്തത വരുത്താനാവാത്തത് ഇവർക്ക് തിരിച്ചടിയായേക്കാം. ഇക്കാര്യം സ്ഥിരീകരിക്കാൻ പഞ്ചായത്തിന് കത്ത് നൽകാനാവാത്തപക്ഷം പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ടോൾപ്ലാസാ അധികൃതർ.