തൃശ്ശൂര്‍ : മണ്ണൂത്തി കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണൂത്തി കാർഷിക സർവ്വകലാശല ക്യാമ്പസിലെ ഹോർട്ടികൾച്ചർ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു മഹേഷ്. ഒരാഴ്ച മുമ്പാണ് ക്യാമ്പസിലെത്തിയത്. ആൺകുട്ടികളുടെ ഹോസ്റ്റലായ പമ്പയിലായിരുന്നു താമസം.
ക്യാമ്പസിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ ചിലർ ഇന്നലെ രാത്രി ഹോസ്റ്റലിൽ എത്തിയിരുന്നതായി സഹപാഠികൾ പറയുന്നു. ഇവർ പോയ ശേഷം രാത്രി 12 മണിക്കാണ് മഹേഷിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മഹേഷിൻ്റെ ആത്മഹത്യാ കുറിപ്പ് കണ്ടുകിട്ടിയതായി പൊലീസ് അറിയിച്ചു. ഇതിൽ റാഗിങ്ങിനെ കുറിച്ച് യാതൊരു പരാമർശവുമില്ല. പ്രണയബന്ധം തകർന്നതാണോ ആത്മഹത്യക്ക് കാരണമായതെന്നും പൊലീസ് സംശയിക്കുന്നു. മഹേഷിൻ്റെ ഫോൺ പരിശോധിച്ചു വരികയാണ്. മണ്ണുത്തി പൊലീസ് സഹപാഠികളുടെ മൊഴി എടുത്തു.
മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് എസ്.എഫ്.ഐയുടെ പരാതി. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയ്ക്ക് എസ്.എഫ്.ഐ പരാതി നൽകി. വീട്ടിൽ മഹേഷിന് മറ്റ് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കോളേജിൽ വന്ന ശേഷം എന്താണ് സംഭിച്ചത് എന്ന് അറിയില്ലെന്നും അവർ അറിയിച്ചു.