കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കു സമീപം പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി, നിക്ഷേപങ്ങൾ സ്വീകരിച്ച് മുങ്ങിയ പ്രതി അറസ്റ്റിൽ…

തൃശ്ശൂർ : കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കു സമീപം പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി, നിക്ഷേപങ്ങൾ സ്വീകരിച്ച് മുങ്ങിയ പ്രതി അറസ്റ്റിൽ. വടൂക്കര കൊളങ്ങരപ്പറമ്പിൽ പ്രസാദ് (52)നെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

സ്ഥാപനത്തിൽ പണം നിക്ഷേപിച്ച പാലിശേരി സ്വദേശി ഷാജു എന്നയാൾക്ക് 5.25 ലക്ഷം രൂപ കിട്ടാനുണ്ടെന്ന പരാതിയിൽ നെടുപുഴ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേയാണ് പ്രതി പിടിയിലായത്. ഇയാൾ നടത്തി വന്നിരുന്ന സ്ഥാപനത്തിൽ കുറികൾ ചേർത്തിയും നിക്ഷേപങ്ങൾ സ്വീകരിച്ചും വലിയ തുകകൾ കൈപ്പറ്റി തിരിച്ചുകൊടുക്കാതിരിക്കുകയും ആളുകൾ അന്വേഷിച്ചു വന്നപ്പോൾ സ്ഥാപനം അടച്ചുപൂട്ടിരിക്കുക യായിരുന്നു.

ഇത്തരത്തിൽ നിരവധി പേരിൽ നിന്നും പ്രതി പണം കൈപ്പറ്റിയിട്ടുണ്ട്. പ്രതിയെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് നിരവധി പേർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ചെറിയ തുകകളിലായി കുറി നടത്തി, കുറി പൂർത്തിയാകുമ്പോൾ വരിക്കാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മുഴുവൻ തുകയും സ്ഥാപനത്തിൽ തന്നെ വീണ്ടും നിക്ഷേപിപ്പിക്കുന്നതാണ് ഇയാളുടെ തട്ടിപ്പു രീതി.

സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് ഇയാളുടെ തട്ടിപ്പിൽ കൂടുതലും ഇരയായിട്ടുള്ളത്. തട്ടിപ്പിലൂടെ ഇയാൾ കൈക്കലാക്കിയ തുക മറ്റെവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എസ്.എച്ച്.ഓ ടി.ജി. ദിലീപ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.