ശ്രീ കേരളവർമ്മ കോളേജ് വീണ്ടും എസ്.എഫ്.ഐയുടെ ബോർഡ് വിവാദത്തിൽ…

തൃശ്ശൂർ : ശ്രീ കേരളവർമ്മ കോളേജ് വീണ്ടും എസ്.എഫ്.ഐയുടെ ബോർഡ് വിവാദത്തിൽ. കോളേജ് തുറക്കുന്നതിന്റെ ഭാഗമായി നവാഗതർക്ക് സ്വാഗതമാശംസിച്ച് സ്ഥാപിച്ച ബോർഡുകളാണ് വിവാദത്തിലായിരിക്കുന്നത്. ഇഴുകിച്ചേർന്ന വിധത്തിലുള്ള ആൺകുട്ടിയും പെൺകുട്ടിയുടേയും കാരിക്കേച്ചറുകളിൽ ‘തുറിച്ചു നോക്കേണ്ട, ഒന്ന് ചിന്തിച്ചു നോക്കൂ ഞാനും നിങ്ങളുമെല്ലാം എങ്ങനെയുണ്ടായി’, അവരുടെ മീനുകൾ പാരമ്പര്യത്തിന്റെ അക്വേറിയങ്ങൾ ഭേദിച്ച് പ്രണയത്തിന്റെ കടലിലേക്ക് യാത്ര ചെയ്യുന്നു…

കണ്ണുകളിൽ അതിജീവനങ്ങുടെ പോരാട്ടങ്ങളുടെ മഴവിൽത്തുണ്ട്…, ഫക്ക് യുആർ നേഷണലിസം വി ആർ ആൾ എർത്ത്ലിങ്സ് തുടങ്ങി നിരവധി ക്യാപ്ഷനുകളോടെയുള്ളതാണ് ബോർഡുകൾ. ബോർഡിൽ വെറും എസ്.എഫ്.ഐ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ലിംഗസമത്വ ആശയമാണ് പങ്കുവെക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. അതേ സമയം ബോർഡ് സ്ഥാപിച്ചതിനെതിരെ കെ.എസ്.യുവും സംഘപരിവാർ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീവിരുദ്ധവും ജനാധിപത്യവും പൊതുമര്യാദകളുടെ ലംഘനവുമാണ് ബോർഡുകളെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. നേരത്തെ ശബരിമലയിലെ യുവതീ പ്രവേശന വിവാദകാലത്ത് അയ്യപ്പനെ അപമാനിച്ചുവെന്ന വിധത്തിലും സരസ്വതിയെ അപമാനിച്ചുവെന്ന വിധത്തിലും ബോർഡുകൾ സ്ഥാപിച്ചുവെന്നത് വിവാദമായിരുന്നു.