
തൃശൂർ. ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവ്വീസുകൾ നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സ്വകാര്യ ബസ് ഉടമ സംഘങ്ങളുടെ യോഗത്തിൽ തീരുമാനം. ദിനംപ്രതി ഉണ്ടാകുന്ന ഇന്ധന വില വർധനവും കൊവിഡ് മഹാമാരിയും മൂലം ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. അതുകൊണ്ട് സ്വകാര്യ ബസുകൾ വലിയ നഷ്ടത്തിലാണ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി ആരംഭിച്ച് 20 മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ 60 ശതമാനം ബസുകൾ മാത്രമാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. യാത്രാനിരക്ക് നിശ്ചയിക്കുന്നത് ഉൾപ്പെടെ സ്വകാര്യ ബസ് വ്യവസായം പൂർണമായും സർക്കാർ നിയന്ത്രണത്തിലാണ്. അതുകൊണ്ട് ബസുകൾക്ക് ഭീമമായ നഷ്ടം കൂടാതെ സർവീസ് നടത്താനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്ന് ബസ്സുടമ സംഘടനകൾ ആവശ്യപ്പെടുന്നു.
2018ൽ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോൾ നിശ്ചയിച്ച മിനിമം ചാർജ് 8 രൂപ എന്നത് നിലവിൽ ഡീസലിന് 103 രൂപയായി വർധിച്ച സാഹചര്യത്തിൽ 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1 രൂപയാക്കി ഉയർത്തുക, വിദ്യാർത്ഥികളുടെ മിനിമം ചാർജ് 6 രൂപയായും തുടർന്നുള്ള ചാർജ് യാത്രാനിരക്കിന്റെ 50 ശതമാനവും ആയി നിജപ്പെടുത്തുക, കൊവിഡ് കാലം കഴിയുന്നതു വരെ സ്വകാര്യ ബസ്സുകളുടെ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നവംബർ 9 മുതൽ ബസ് സർവ്വീസ് നിർത്തിവെക്കുമെന്ന് ബസ്സുടമാ സമിതി ഭാരവാഹികൾ അറിയിച്ചു.