മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും മഴ കനക്കുകയും ഡാമുകള്‍ തുറന്ന് വിടുകയും ചെയ്തതോടെ ചാലക്കുടി പുഴയിലെ ജലവിതാനം ക്രമാതീതമായി ഉയര്‍ന്നു…അതിരപ്പിള്ളിയും വാഴച്ചാലും നിറഞ്ഞൊഴുകുകയാണ്…

തൃശ്ശൂർ :  ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് തൃശൂരിൽ പെയ്യുന്നത്. മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും മഴ കനക്കുകയും ഡാമുകള്‍ തുറന്ന് വിടുകയും ചെയ്തതോടെ ചാലക്കുടി പുഴയിലെ ജലവിതാനം ക്രമാതീതമായി ഉയര്‍ന്നു . പൊരിങ്ങല്‍കുത്ത്, ഷോളയാര്‍, പറമ്പികുളം ഡാമുകളാണ് തുറന്നിട്ടിരിക്കുന്നത്. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം മുതല്‍ കനത്ത മഴ ചെയ്തതിനെ തുടര്‍ന്നാണ് ഡാമുകള്‍ തുറന്നത്. അതിരപ്പിള്ളിയും വാഴച്ചാലും നിറഞ്ഞൊഴുകുകയാണ് . ശക്തമായ മഴയിൽ അതിരപ്പിള്ളി – ആനമല റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു . അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പരിയാരം, മേലൂര്‍, കുറ്റിക്കാട് പ്രദേശങ്ങളിലും ചാലക്കുടി നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കും പുഴയില്‍ നിന്നും വെള്ളം കയറി തുടങ്ങി.

2018ലെ മഹാപ്രളയത്തില്‍ പുഴയില്‍ പത്തര മീറ്ററാണ് വെള്ളം ഉയര്‍ന്നത്. വെള്ളം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതിനെ തുടര്‍ന്ന് ചാലക്കുടിപുഴയിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ജാഗ്രത നിര്‍ദേശം നല്കുന്ന അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്. ഈ പ്രദേശങ്ങളിലെ പുഴയോരവാസികളെ ഒഴിപ്പിച്ചു. പല സ്ഥലങ്ങളിലും ക്യാമ്പുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 6 മീറ്ററാണ് പുഴയില്‍ വെള്ളം ഉയര്‍ന്നിരിക്കുന്നത്. ഒരു മീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു .