
കോവിഡ് ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹര്‍ജിക്കാരെ കേട്ട ശേഷം പുതിയ ഉത്തരവിറക്കാൻ കോടതി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള നിര്‍ദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെത്തുടര്‍ന്ന് കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിരക്ക് 500 ആയി നിജപ്പെടുത്തിയത്. നിരക്ക് കുറവാണെന്നും നഷ്ടമാണെന്നും ചൂണ്ടിക്കാട്ടിയാണ് ലാബുകള്‍ കോടതിയെ സമീപിച്ചത്.
ഏപ്രിലിലാണ് സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചത്. അതിനു മുന്‍പ് 1700 രൂപയായിരുന്നു നിരക്ക്. ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ക്ക് വിപണിയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നിരക്ക് കുറച്ചതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ലാബുടമകളുടെ ആവശ്യം നിരസിച്ച ഹൈക്കോടതി മേയിൽ സർക്കാർ തീരുമാനത്തെ അഭിനന്ദിച്ചിരുന്നു. പഞ്ചാബ്, ഹരിയാന അടക്കം മറ്റ് സംസ്ഥാനങ്ങളിൽ നിരക്ക് ഇതിനെക്കാൾ കുറവാണെന്നും ഇടപെടാനാവില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ ലാബുകളുടെ ഹർജി തള്ളിക്കൊണ്ട് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി.