കഴിഞ്ഞ വർഷം വരെ നിർമാണത്തിന് ചിലവായതിന്റെ 80 കോടി അധികം പാലിയേക്കര ടോൾ പ്ലാസയിൽ പിരിച്ചുവെന്ന് രേഖകൾ…

ദേശീയപാത മണ്ണുത്തി- ഇടപ്പള്ളി വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണത്തിന് ചെലവായതിലും 80 കോടി രൂപയിലേറെ തുക ഇതിനോടകം നിർമ്മാണ കമ്പനി ടോൾ പിരിച്ചെന്ന് രേഖകൾ. ഹൈക്കോടതിയിൽ കോൺഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടി.ജെ സനീഷ് കുമാറും സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം പറയുന്നത്. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ടോൾ പിരിക്കുന്നത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയില്‍ ടോൾ പിരിവ് ആരംഭിക്കുന്നത്. നിർമാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാൻ കമ്പനി ബാധ്യസ്ഥരാണെന്ന് കരാർ വ്യവസ്ഥയുണ്ടെന്ന് ഷാജി കോടങ്കണ്ടത്ത് പറയുന്നു. 64.94 കിലോമീറ്റർ ദേശീയപാതയുടെ നിർമാണത്തിന് 721.17 കോടി രൂപയാണ് ചെലവായത്. 2020 ജൂണ്‍ മാസം വരെ കമ്പനി 801.6 കോടി രൂപ പിരിച്ചതായി ഹര്‍ജിക്കൊപ്പം സമർപ്പിക്കപ്പെട്ട രേഖകളിൽ പറയുന്നു.