മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് വിവാഹം ചെയ്ത യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി…

തൃശൂർ: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് വീട്ടുകാർ അറിയാതെ വിവാഹം ചെയ്ത യുവതിയെ റിസോർട്ടിൽ താമസിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ശ്രീനാരയണപുരം സ്വദേശികളായ രാംജി(46), രാജൻ(46) ശ്രീകുമാർ(28), മജീഷ്(38), എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ വിവാഹം ചെയ്തശേഷം നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിലെ ഒന്നാം പ്രതി അരുൺ ഇതുവരെ അറസ്റ്റിലായിട്ടില്ല.

വിവാഹമോചിതയായ യുവതിയെ ആലപ്പുഴ സ്വദേശിയായ അരുൺ മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ചതിയിൽപ്പെടുതിയത്. ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന അരുൺ, താൻ കുടുംബസമേതം അയർലൻഡിലാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും വിവാഹം കഴിക്കാൻ സന്നദ്ധനാണെന്ന് അറിയിക്കുകയുമാ യിരുന്നു. ഇത് അനുസരിച്ച് ആലപ്പുഴയിലെ ഒരു ക്ഷേത്രത്തിൽ വെച്ച് അരുൺ യുവതിയെ വിവാഹം കഴിച്ചു. വീട്ടുകാർ അറിയാതെയാണ് യുവതി വിവാഹത്തിനായി ആലപ്പുഴയിൽ എത്തിയത്.

വിവാഹശേഷം വീട്ടിലേക്ക് പോകാതെ ഒരു റിസോർട്ടിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു അരുണും യുവതിയും. ഇതിനിടെ യുവതിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ട അരുൺ തന്ത്രപരമായി നഗ്നദൃശ്യങ്ങൾ പകർത്തുകയായിരുന്നു. എന്നാൽ മറ്റൊരു സുഹൃത്ത് വഴി അരുണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കിയ യുവതി തന്ത്രപരമായി അവിടെ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.